കൊച്ചി: ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് വ്യവസായമന്ത്രി പി. രാജീവ്. ഇതിലൂടെ 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു.
ആലുവ ചുണങ്ങംവേലിയിൽ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലൂടെ ആരംഭിച്ച നൂറാമത്തെ പദ്ധതിയായ എൻഡിആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിംഗ് ആൻഡ് ലോജിസ്റ്റിക്സ് ശൃംഖലയുടെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപനിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 14-15 ശതമാനമാണ്. എന്നാൽ, കേരളത്തിൽ നിക്ഷേപനിർദേശങ്ങൾ യാഥാർഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
250 കോടി രൂപ മുതൽമുടക്കിൽ എൻഡിആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് എ-ഗ്രേഡ് വെയർഹൗസിംഗ് ആൻഡ് ലോജിസ്റ്റിക്സ് ശൃംഖല സ്ഥാപിക്കുന്നത്.